
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് സിപിഎം സമ്മേളനത്തിൽ വിമർശനം. ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമർശമാണു പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ നടത്തിയതെന്നാണ് വിമർശനം. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി എം.വി.ജയരാജൻ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ദിവ്യക്കെതിരായ വിമർശനമുള്ളത്.
ജില്ലാ കമ്മിറ്റിയിൽനിന്നു ചിലരെ ഒഴിവാക്കേണ്ടിവന്ന സാഹചര്യം പരാമർശിക്കുന്നതിനൊപ്പമാണു ദിവ്യയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിലയിരുത്തിയിരിക്കുന്നത്. എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ നടത്തിയ പ്രസംഗത്തിലെ, ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റായ പരാമർശത്തെത്തുടർന്ന് പി.പി.ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാർട്ടി ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ അച്ചടക്ക നടപടിക്കു സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ പരാമർശം.











